19.7.16

ഹിന്ദുമതം എന്നാല്‍ .....


Why I am a hindu : Facebook post by Unni Anagamin _________________________________________________ ഹിന്ദുവെന്നാല്‍, ഒരാളെ സംബന്ധിച്ചിടത്തോളം യാദൃശ്ചികമായി അയാൾ ജനിച്ച മതം മാത്രമാണെന്നു തോന്നുന്നില്ല. പലവിധപരിണാമങ്ങളിൽക്കൂടി അതിൽ എത്തിപ്പെട്ടതാകണം. കാര‍ണം അതയാൾക്ക് നൽകുന്ന ജീവിതസൗഭാഗ്യം അത്രയ്ക്കു അതിരില്ലാത്തതാണ്. മതമേലദ്ധ്യക്ഷന്മാർ ഇല്ലാത്തതാണു ഏറ്റവും വലിയ കാര്യം. അതു കൊണ്ട് ഹിന്ദുവിന്റെ മതജീവിതം ആരേയും ബോധ്യപ്പെടുത്തേണ്ട. മാത്രമല്ല ഓരോത്തർക്കും സ്വന്തം ഇച്ഛയ്ക്കനുസരിച്ച് ഈശ്വരനെ സങ്കല്പിക്കാം. അതു നൽകുന്ന സ്വാതന്ത്ര്യം വളരെ വലുതാണു. ആകാശത്തേയോ, ആലിനേയോ, പക്ഷിയേയോ, വെള്ളത്തേയോ, മൃഗത്തേയോ, മനുഷ്യനേയോ അല്ലെങ്കിൽ അതു രണ്ടും കൂടിച്ചേർന്ന രൂപത്തേയോ അതുമല്ലെങ്കിൽ ശൂന്യതയേത്തന്നെയോ ആരാധിക്കാം. ഈശ്വരാ എന്നോ നിരീശ്വരാ എന്നോ വിളിക്കാം. മതഗ്രന്ഥങ്ങളായി പലതുണ്ടെങ്കിലും അതിലെല്ലാം ഒരേകാ‍ര്യം തന്നെയാണുള്ളത്. പലപല വീക്ഷണങ്ങളിലൂടെ പറയുന്നുഎന്ന വ്യത്യാസമേയുള്ളു. അതുകൊണ്ട് ആർക്കും ആരോടും മത്സരിക്കേണ്ടി വരുന്നില്ല. ഗ്രന്ഥങ്ങൾ പഠിക്കുന്നതു അനുഭൂതിക്കു വേണ്ടിയാണു. പഠനം കഴിയുമ്പോൾ ഗ്രന്ഥങ്ങളെല്ലാം ഉപേക്ഷിക്കണം. ഗ്രന്ഥങ്ങൾ കെട്ടിപ്പിടിച്ചിരുന്നാൽ പണ്ഡിതനാകാം. അനുഭൂതി ഉണ്ടാവില്ല. പുസ്തകം തരുന്ന അനുഭൂതിയുടെ അറിവ് താൻ തന്നെ ശ്രമിച്ചു നേടിയെടുക്കണം. അതിനു ഇടനിലക്കാരില്ല. ഏകാന്തവിജനതയിൽ പോയിരുന്നു തപസു ചെയ്താ‍ലേ അതു കിട്ടു. ഒരു ജന്മം കൊണ്ട് കിട്ടിയില്ലെങ്കിൽ ദു:ഖിക്കാനൊന്നുമില്ല. വീണ്ടും ജന്മങ്ങളുണ്ട്. ഇപ്പോൾ കിട്ടിയതൊന്നും അന്നു നഷ്ടപ്പെടുകയുമില്ല. സംഘം ചേർന്നുള്ള ഒരു പ്രവർത്തനവും അനുഭൂതി തരാൻ പര്യാപ്തമല്ല. ഹിന്ദുമതം അതു വ്യക്തമായി പറയുന്നുണ്ട്. നശ്വരമായ ഭൌതികനേട്ടങ്ങൾക്ക് സംഘടിത പ്രവർത്തനങ്ങൾ ഒരു പരിധിവരെ സഹായിച്ചേക്കും. അതുപോലും നിഷ്കാമ കർമ്മത്തിനു താഴെയുള്ള ഫലമേ തരു. ഓരോത്തരും അവരവരുടെ വാസനയ്ക്കനുസരിച്ച് നിഷ്കാമമായി പ്രവർത്തിച്ചാൽ കിട്ടുന്ന ജീവിതസൌഭാഗ്യം സംഘടനയിലൂടെ നേടിയെടുക്കാനാവില്ല. സംഘടനയിൽ പലരുടെ അഭിപ്രായങ്ങൾ കേൾക്കണം. എന്നിട്ട് പൊതുവാ‍യ ഒന്നു സ്വീകരിക്കണം. അതു മിക്കവാറും നേതൃത്വത്തിന്റെ താല്പര്യമായിരിക്കും. വ്യക്തിതാല്പര്യത്തിനു വിരുദ്ധവും. സംഘടന വ്യക്തിക്ക് ഒരു പ്രാധാന്യവും കൊടുക്കുന്നില്ല. സംഘടന എന്ന വികാരത്തിനു വേണ്ടി നുകം പേറുന്നവൻ മാത്രമാണു വ്യക്തി. സംഘടനയിലൂടെ വ്യക്തിവികാസമോ നേട്ടമോ ഉണ്ടാകുന്നില്ല. സ്വർഗ്ഗത്തെ ഹിന്ദുമതം സ്തുതിക്കുന്നില്ല്ല. സ്വർഗ്ഗം ഒരു തരംതാണ ലോകമാണു. താൽക്കാലികവുമാ‍ണു. പുണ്യം തീ‍രുമ്പോൾ സ്വർഗ്ഗത്തിലുള്ളവർ ഭൂമിയിലേക്കു വീഴും. അവിടെ അപ്സരസ്സുകളും, ദേവസംഗീതവും, അമൃതും ഉണ്ടെങ്കിൽക്കൂടി. ഹിന്ദുമതം അഭികാമ്യമായി കാണുന്നത് മുക്തിയാണു. മുക്തന്റെ അവസ്ഥ ശാശ്വതമാണു. മുക്തനായാൽ പിന്നെ പതനമില്ല. പ്രളായാഗ്നിപോലും അവനെ സ്പർശിക്കില്ല. പ്രളയകാലത്തിലെ ശിവന്റെ മൂന്നാം കണ്ണ് നീരാജനമായേ മുക്തനു അനുഭവപ്പെടു. അതുകൊണ്ടൂ മുക്തിക്കുവേണ്ടിയാണു ഒരു ഹിന്ദു പരിശ്രമിക്കേണ്ടത്. ഒന്നിനോടും ചേരാതെയും ഒന്നിനേയും നിഷേധിക്കാതെയുമുള്ള ഒരവസ്ഥയാണത്. അതിൽ കാലം നിശ്ചലമാണു. ജരാനരകളില്ല. മനസിൽ ആനന്ദം മാത്രം. പ്രപഞ്ചസാക്ഷിയായി വെറും കാഴ്ചകാണുന്നവൻ മാത്രമാകും അപ്പോഴവൻ. മുക്തിയിലേക്കുള്ള അവന്റെ യാത്രയാണു ഈ ഭൌതികജീവിതം. അതിലുള്ള സുഖഭോഗങ്ങൾ ആകർഷകമായിരിക്കുന്നിടത്തോളം കാലം ഭൌതികമായിത്തന്നെ നേടി ആസ്വദിക്കണം. അതിനു മനുഷ്യപ്രയത്നം തന്നെ ധാരാളം. മാധവനെ പ്രാപിക്കുന്നവൻ ഭൌതികലോകം ഉപേക്ഷിക്കണം. അല്ലാതെ മാധവന്റെ പേരിൽ ഭൌതികമായതെല്ലാം സമ്പാ‍ദിക്കുകയും ആ‍സ്വദിക്കുകയും ചെയ്യരുത്. ചെയ്താൽ ഒരുപാടുദൂരം പിന്നിലേക്കു പോവുകയായിരിക്കും ഫലം. അഹിംസയാണു പരമമായ ധർമ്മം. അതിൽ അധിഷ്ഠിതമായ പ്രവർത്തികളെ മുക്തി തരൂ. അല്ലാത്ത പ്രവർത്തികളുടെ ഫലം എന്തായിരിക്കുമെന്നു അനേകകോടി ആഖ്യാനങ്ങളിലൂടെ വ്യക്തമാക്കിത്തരുന്നുണ്ട്. മഹാഭാരതമാണു അതിൽ ഏറ്റവും പ്രസിദ്ധം. കൊന്നും കൊലവിളിച്ചും നേടുന്നതു ദു:ഖമാണെന്നതു കാട്ടിത്തരുന്നു. കുരുക്ഷേത്രത്തിൽ വിജയിച്ച പാണ്ഡവർക്ക് അവശേഷിച്ചത് ദു:ഖമല്ലാതെ മറ്റൊന്നുമായിരുന്നില്ല. ബന്ധുക്കളും മിത്രങ്ങളും യുദ്ധത്തിൽ മരിച്ചു. ആനയായും കുതിരയായും നാശനഷ്ടങ്ങൾ വേറെ. സ്വദേശത്തു നിന്നും വിദേശത്തു നിന്നും വന്ന യോദ്ധാക്കളും മടങ്ങിയില്ല. ഒടുവിൽ ശത്രുക്കളായിക്കരുതിയവരുടെ അന്ത്യകർമ്മം പോലും പാണ്ഡവർക്ക് ചെയ്യേണ്ടി വന്നു. അതുകൊണ്ട് ആനന്ദമാഗ്രഹിക്കുന്നവൻ ഹിംസ ചെയ്യരുത്. ആനന്ദമല്ലാതെ മനുഷ്യൻ വേറെന്താണു ആഗ്രഹിക്കുന്നത്? Ashok Kartha പലവട്ടം ഇതെഴുതിയതാണ്. പലവട്ടം എഴുതേണ്ടതുമാണ്.

No comments: