19.7.16

അനുഗീത


Facebook post by Ashok Kartha മുൻപ് പലവട്ടം എഴുതിയിട്ടുള്ളതാണു. ഗീത യുദ്ധത്തിനുള്ളതല്ല്ല. എന്നാൽ ഗീത ഉയർത്തിപ്പിടിച്ച് യുദ്ധത്തിനിറങ്ങുന്നവർക്ക് അതു സ്വീകാര്യമല്ല. പ്രതിയോഗികൾക്കും വേണം അങ്ങനെയൊരു ഗ്രന്ഥം. എങ്കിലെ തങ്ങളുടെ ഗ്രന്ഥവും ഉയർത്തിപ്പിടിച്ച് വെല്ലുവിളിക്കാനൊക്കു. അവരൊക്കെയാണു ഗീത യുദ്ധത്തിനുവേണ്ടിയുള്ളതാണെന്നു പ്രചരിപ്പിച്ചത്. ഇരുപക്ഷവും ഗ്രന്ഥകർത്താവ് എന്താണു പറഞ്ഞിരിക്കുന്നതെന്നു ശ്രദ്ധിച്ചുമില്ല. ‘ഇതി ശ്രീമദ്ഭവത്ഗീതാസൂപനിഷത്സു ബ്രഹ്മവിദ്യായാം’ എന്നാണു. ഇതു ഉപനിഷത്താണു. ബ്രഹ്മവിദ്യയാണു. യുദ്ധതന്ത്രമല്ല. ഭഗവത്ഗീത യുദ്ധത്തിനുള്ളതല്ല. അതിനു ധനുർവിദ്യ വേറെയുണ്ട്. വ്യാസൻ, താൻ തന്നെ അതൊക്കെ എഴുതിയിട്ടുമ്മുണ്ട്. അർജ്ജുനൻ തേർത്തട്ടിൽ തളർന്നിരുന്നത് പടയാളികളെ കണ്ടിട്ടാണോ? അല്ല. അവരേയൊക്കെ അയാൾ മുൻപും കണ്ടിട്ടുണ്ട്. യുദ്ധവും ചെയ്തിട്ടുണ്ട്. അതിലൊക്കെ വിജയിക്കുകയോ വിട്ടുകൊടുത്തു പിന്മാറുകയോ ചെയ്തിട്ടേയുള്ളു. അപ്പോൾ കുരുക്ഷേത്രത്തിൽ മാത്രമെന്താ ഒരു പുതുമ. പടയൊരുക്കം കണ്ട് തളർന്നു വീഴണ്ട കാര്യമൊന്നും അർജ്ജുനനില്ല. പിന്നെയെന്താണു സംഭവിച്ചത്? കുരുക്ഷേത്രത്തിൽ വന്നുനിന്നപ്പോൾ പടച്ചട്ടയ്ക്കുള്ളിലെ പച്ചയായ മനുഷ്യരെക്കണ്ടു. തന്നെപ്പോലെ യുദ്ധസന്നദ്ധരായി നിൽക്കുന്ന അനേകം പടയാളികൾ. അവർ ആ‍രുടെയൊക്കയോ അച്ഛനാണു. സഹോദരനാണു. ഭർത്താവാണു. മകനാണു. അവരൊക്കെ മരിച്ചു വീഴുമ്പോൾ ആർക്കൊക്കെയോ നഷ്ടപ്പെടുന്നത് അച്ഛനെയാണു. മകനേയാണു. ഭർത്താവിനേയാണു. സഹോദരാനേയാണു. അതുണ്ടാക്കുന്ന ദു:ഖം അതീവ കഠിനമാണ്. പിന്നെ എന്തിനാണു ഇങ്ങനെയൊരു യുദ്ധം? അതാണു അയാളുടെ ഉള്ളിൽ അലയടിച്ചത്. അതിനുള്ള ഉത്തരമാണു അയാൾ കൃഷ്ണനോട് തേടിയത്. “എന്റെ ഈ വ്യസനത്തിനു ഞാനൊരു പരിഹാരം കാണുന്നില്ല, കൃഷ്ണാ!“ (ന ഹി പ്രപശ്യാമി മമാപനുദ്യാദ്യുഛോകം.... ഗീത 2.8) “രാജ്യം കിട്ടിയാലോ, ശത്രുക്കൾ നശിച്ചാലോ ഒന്നും എനിക്ക് സമാധാനമാകില്ല“ എന്നാണു അർജ്ജുനൻ പറഞ്ഞത്. അല്ല്ലാതെ ഇവരെ എങ്ങനെ കൊല്ലണമെന്നല്ല ചോദിച്ചത്. അതിനു കൃഷ്ണന്റെ ഉപദേശമൊന്നും തനിക്ക് ആവശ്യമില്ല. തുടർന്നു ഭഗവാൻ സംസാരിച്ചത് സാംഖ്യം, കർമ്മയോഗം, ജ്ഞാനം, സന്യാസം, ധ്യാനം തുടങ്ങിയവയായിരുന്നു. പടക്കളത്തിൽ നിന്നു ചർച്ച ചെയ്യാൻ പറ്റിയ വിഷയങ്ങൾ! ഇവയൊക്കെ ചർച്ച ചെയ്താൽ ഉള്ള വീറും കൂടി നഷ്ടപ്പെടുകേയുള്ളു. അഹിംസയാണു പരമമായ ധർമ്മം എന്നോ ഭൂതദയയാണു ഉത്തമം എന്നോ ഫേസ്ബുക്കിൽ പോസ്റ്റിട്ടാൽ ഉടനെ അതൊക്കെ ഹിന്ദുവിനെ നിർഗുണരും ഉദാസീനരുമാക്കുമെന്നു പറഞ്ഞ് ചന്ദ്രഹാസമിളക്കുന്നവരാണു നമുക്കു ചുറ്റുമുള്ള പലരും. തിരിച്ചടിച്ചില്ലെങ്കിൽ തടികേടാകുമെന്നു താക്കീതുതരുന്നവരാണു ഇന്നത്തെ ആത്മീയവാദികൾ പോലും. പിന്നെങ്ങനെ കുരുക്ഷേത്രം പോലൊരു യുദ്ധക്കളത്തിൽ നിന്നു വീരന്മാരിൽ വീരനോട് വേദാന്തം പറയും? ‘ഒന്നു പോ കൂവേ, ഇവന്മാരെ എങ്ങനെ തട്ടാമെന്നു ഞാൻ തന്നത്താൻ നോക്കിക്കോളാം‘ എന്നാവില്ലെ മറുപടി? വീര്യവിജൃംഭിതനാണു അർജ്ജുനനെങ്കിൽ കൃഷ്ണന്റെ തല കാണുകയില്ല. എന്നാൽ അങ്ങനെയൊന്നും സംഭവിച്ചതായി ഋഷി പറയുന്നില്ല. എന്നു മാത്രമല്ല കൃഷ്ണൻ പറഞ്ഞതെല്ലാം ശ്രദ്ധാപൂർവ്വം കേൾക്കുകയും ചെയ്തു എന്നും പറയുന്നു. പിറ്റേന്നു യുദ്ധമാരംഭിക്കുന്നതിനു മുൻപ് അതെല്ലാം മറന്നു പോയെങ്കിലും. പിന്നീട് യുദ്ധമെല്ലാം തീർന്നു അതൊക്കെ ഒന്നുകൂടി കേൾക്കാൻ അർജ്ജുനൻ ആഗ്രഹിച്ചു. അനുഗീത! അതിൽ നിന്നു തന്നെ വ്യക്തമാണു കൃഷ്ണൻ പറഞ്ഞതുകേട്ടല്ല, അർജ്ജുനൻ യുദ്ധം ചെയ്തതെന്നു. വേറൊന്നുള്ളത്, കൃഷ്ണനും പാർത്ഥനും കൂടി ചർച്ച ചെയ്ത വിഷയത്തിൽ നിന്നു തന്നെ വ്യക്തമാണു അതൊന്നും യുദ്ധത്തെക്കുറിച്ചായ്യിരുന്നില്ല എന്നു. ‘നൈനം ഛിന്ദന്തി ശസ്ത്രാണി... (2.23) എന്നു പറഞ്ഞുകൊടുത്തിട്ടൊന്നും പടച്ചട്ടയണിയാതെയല്ല പിറ്റേന്നു അർജ്ജുനൻ പടക്കളത്തിലേക്കു പോയത്. വാളുകൊണ്ടാൽ മുറിയുമെന്നു അർജ്ജുനനു നന്നായി അറിയാം. അളിയന്റെ ഗീർവ്വാണം കൊണ്ടൊന്നും മുറിവിൽ നിന്നു ചോരപൊടിയാതിരിക്കില്ല. അത്ര വിവരമൊക്കെ അർജ്ജുനനുണ്ട്. അതുകൊണ്ടാണു പടച്ചട്ട എടുത്തിട്ടതും. അപ്പോൾ കൃഷ്ണൻ ഉപദേശിച്ചിട്ടാണു യുദ്ധം ചെയ്തതെന്നൊക്കെ പറയുന്നതു വെറുതെയാണു. എന്നുമാത്രമല്ല ഗീതയിൽ പറയുന്ന യോഗമോ ധ്യാനമോ ഒന്നുമല്ല പിറ്റേദിവസം മുതൽ അർജ്ജുനൻ യുദ്ധക്കളത്തിൽ ഉപയോഗിച്ചതും. ശരിക്കും കായികമായി പൊരുതി നേടിയ വിജയമായിരുന്നു അതു. അതുകൊണ്ടാണു കുരുക്ഷേത്രയുദ്ധം ദു:ഖത്തിൽ പര്യവസാനിച്ചതും. കൃഷ്ണന്റെ ഉപദേശമാണു കേട്ടിരുന്നെങ്കിൽ ആനന്ദമല്ലെ ഉണ്ടാകേണ്ടത്? അതുണ്ടായില്ലല്ലോ. രണ്ടാം അദ്ധ്യായം 32ആം ശ്ലോകത്തിലെ ‘യുദ്ധം’, 37ലെ ‘യുദ്ധം’ ഒക്കെ എടുത്തു കാണിച്ചാണു ഭഗവാൻ യുദ്ധം ചെയ്യാൻ അർജ്ജുനനോട് ആവശ്യപ്പെട്ടു എന്നു പലരും വാദിക്കുന്നത്. ആ ‘യുദ്ധം’ എന്താണെന്നു അതതിടങ്ങളിൽ തന്നെ വ്യക്തമാണു. പക്ഷെ ഭൌതികയുദ്ധക്കൊതി മൂത്തുനിൽക്കുന്നവർക്കത് കാണാനുള്ള കണ്ണില്ല. യദൃശ്ചയാ ഉപപന്നം യുദ്ധമെന്നാണു 32ൽ. കുരുക്ഷേത്രം യാദൃശ്ചികമായിരുന്നോ? രാജഭരണം പങ്കുവക്കുന്ന നിമിഷത്തിൽ തന്നെ ആശയപരമായി അതു തുടങ്ങിയില്ലെ? അതിനും മുൻപേ ശന്തനുവിന്റെ കാമത്തിൽ അതിനു ബീജാവാപം നടന്നു കഴിഞ്ഞിരുന്നു. വൃദ്ധനു യുവതരുണിയിൽ ആശയുദിച്ചപ്പോൾ യുവരാജാവിനെ മാറ്റി നിർത്തി. അവിടെത്തൊട്ട് ധർമ്മം നഷ്ടപ്പെടാനും തുടങ്ങി. പിന്നെയത് കന്യകകളെ ബലാൽ പിടിച്ചുകൊണ്ടുവരുന്നിടം മുതൽ വളരുകയാണു. അംബയുടെ വൈരാഗ്യം ശമിക്കണമെങ്കിൽ കുരുക്ഷേത്രമുണ്ടാകാതെ തരമുണ്ടോ? അന്ധനും, രോഗിയും രാജാവായപ്പോൾ യുദ്ധത്തിന്റെ തടിക്ക് കാതൽ വച്ചു. രാജോചിതമല്ലാത്ത ചൂതിലും, രജസ്വലയായ പെണ്ണിനെ സദസിൽ വലിച്ചിഴച്ചപ്പോഴും അതു ശാ‍ഖകൾ വിടർത്തി. ദൂത് അതിന്റെ വളർച്ച പൂർണ്ണമാക്കി. ഈ യുദ്ധത്തെയാണോ എല്ലാമറിയാവുന്ന കൃഷ്ണൻ വെറും ‘യാദൃശ്ചികം’ എന്നു പറയുക? കൃഷ്ണൻ സൂചിപ്പിച്ചത് അർജ്ജുനന്റെ മനസിലെ യുദ്ധമായിരുന്നു എന്നു വ്യക്തം. കരുണ ഉണരുമ്പോൾ എല്ലാ മനസുകളിലൂം അർജ്ജുനനുണ്ടായതുപോലെയുള്ള സർഘർഷങ്ങൾ ഉണ്ടാകും. അതാണു കൃഷ്ണൻ സൂ‍ചിപ്പിച്ച യുദ്ധം. അതു യദൃശ്ചയാ ഉണ്ടാകുന്നതുമാണു. ആലോചിച്ചോ പദ്ധതി തയ്യാറാക്കിയോ ഉണ്ടാക്കാവുന്ന യുദ്ധവുമല്ല്ലത്. രാജാധികാരമോ, ശത്രുനാശമോ, ഇനി സ്വർഗ്ഗചിന്തതന്നെയോ അതിനെ ശമിപ്പിക്കാൻ പോകുന്നില്ല. മനസുശാന്തമാകണമെങ്കിൽ തപസുവേണം. അതു അർജ്ജുനനു മനസിലാകുന്നത് യദുകുലസ്ത്രീകളെ രക്ഷിക്കാൻ പോയപ്പോഴാണു. അതുവരെ താൻ അഹന്തയോടെ സൂക്ഷിച്ച ഗാന്ധീവം തന്നെ രക്ഷിക്കുമെന്നു അയാൾ കരുതി. അന്നാണു അറിയുന്നത് ആയുധങ്ങൾ നിഷ്‌പ്രയോജനമാണെന്നു. കുരുക്ഷേത്രത്തിലെ വീഴ്ചയേക്കാൾ കാഠിന്യമേറിയതായിരുന്നു അതു. പിന്നെ അർജ്ജുനനു കാത്തുനിൽക്കാൻ സമയമുണ്ടായില്ല. പാണ്ഡവർ വാനപ്രസ്ഥത്തിനു പുറപ്പെട്ടു. എക്കാലത്തും ആയുധങ്ങൾ രക്ഷിക്കുമെന്നു പോർവിളി മുഴക്കുന്ന അനവധിപ്പേർ നമുക്കു ചുറ്റുമുണ്ട്. അവർക്കുള്ള സന്ദേശമാണു വ്യാസൻ അർജ്ജുനനിലൂടെ കാണിച്ചുതരുന്നത്. വീഴ്ചപറ്റാതിരിക്കണമെങ്കിൽ തെരെഞ്ഞെടുക്കേണ്ട വഴിയാണു ഗീതോപദേശത്തിൽ. ഇതൊന്നുമറിയാതെയാണു യുദ്ധങ്ങൾ വിജയം നേടിത്തരുമെന്നു പ്രചരിപ്പിക്കുന്നത്. യുദ്ധങ്ങൾ ഒരു വിജയവും നേടിത്തരുന്നില്ല. അവ കൂടുതൽ ദു:ഖമേ നൽകു. ശാന്തിയാണു മനുഷ്യനു വേണ്ടത്. അതിനു യുദ്ധമില്ലാതിരിക്കുക എന്നതാണു ആവശ്യം. അതിനുള്ള വഴികളാണു ഭഗവാൻ കാണിച്ചു തരുന്നതും. നമുക്കതു മനസിലാകാത്തത് ആരുടെ കുറ്റം? ഈ ഗുരുപൂർണ്ണിമദിനത്തിൽ വ്യാസനേയൂം, ഈസാപുത്രനേയും, മുത്തുനബിയേയും പോലുള്ള ലോകാരാദ്ധ്യരായ ഗുരുക്കന്മാരെ ഓർക്കാൻ കഴിയുന്നത് ഒരു വലിയ സൌഭാഗ്യമാണു. അതേപോലെ ഈ ജന്മത്തിൽ അക്ഷരം ചൊല്ലിത്തന്നും, അക്കങ്ങൾ ഉറപ്പിച്ചും തന്ന ഗുരുക്കന്മാരേയും. പിന്നെയുമുണ്ട്. ഈ ലോകത്തിലൂടെ വീ‍ഴാതെ ഇപ്പോഴും കൈപിടിച്ചു കൊണ്ടുനടത്തുന്ന നിർമ്മലന്മാരായ അനേകകോടി ഗുരുക്കന്മാർ... യോഗികൾ. അവരേയും. എല്ലാവർക്കും എന്റെ ദണ്ഡനമസ്കാരം.

അടക്കം പറയുന്ന കഥകള്‍ : മൊയ്തീനിക്കയുടെ മുഴ

കോട്ടയം മണിമല റൂട്ടിൽ ഇപ്പോഴത്തെ സി.പി.ഐ സംസ്ഥാന സെക്രട്ടറി സഖാവ് കാനം രാജേന്ദ്രൻ്റെ വീടിനുമുന്നിൽ കൂടി പോകുന്ന ഒരു ബസ് ഉണ്ടായിരുന്നു. ബസ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ 'ബസ്കോ' എന്ന പേരിലുള്ള ഒരു ബസ്. നാട്ടകം പോളിയിൽ പഠിക്കുന്ന കാലത്ത് ഞാന്‍ അതിലെ പതിവു യാത്രക്കാരനായിരുന്നു. സ്റ്റാഫുമായി നല്ല ആത്മബന്ധം ഉണ്ടായിരുന്നു. ഞാനും കൂട്ടുകാരന്‍ മനോജ് ആൻ്റണിയും (അയാൾ ഇപ്പോള്‍ ബി.എസ്.എൻ.എലിൽ എ. ഇ ആണ് ) കിളി നിൽക്കുന്നതിൻ്റെ തൊട്ടു പിന്നിലത്തേതിൻ്റെ പിന്നിലത്തെ സീറ്റില്‍ മിക്കവാറും ദിവസങ്ങളില്‍ ഞങ്ങളുണ്ടാവും. മൂന്നുവർഷമായി യാത്ര ചെയ്യുന്നതിനാൽ അതിലെ സ്ഥിരം യാത്രക്കാരെയൊക്കെ ഞങ്ങള്‍ക്ക് പരിചയവുമാണ്. അങ്ങിനെയിരിക്കെ ഒരു ദിവസം പാകിസ്ഥാൻ കവലയില്‍ നിന്നു കയറിയ മൊയ്ദീനിക്കയെ പരിചയപ്പെട്ടു. കാനം കഴിയുമ്പോഴേക്കും ബസ്സ് നിറയാൻ തുടങ്ങും. ആദ്യമൊക്കെ മൊയ്ദീനിക്കയ്ക്ക് സീറ്റ് ഓഫർ ചെയ്താലും അത് സ്നേഹപൂര്‍വ്വം നിരസിയ്ക്കുകയായിരുന്നു പതിവ്. എന്നാല്‍ പിന്നീട് , കിളിയുടെ പിന്നിലെ സീറ്റ് കിട്ടിയാല്‍ ഇരിക്കാം എന്നായി. അവിടെയിരുന്നാൽ പെൺകുട്ടികൾ ഇരിക്കുന്നതും എഴുന്നേൽക്കുന്നതും ഇറങ്ങാനായി നിക്കുന്നതും ഇറങ്ങി നടക്കുന്നതും കയറുന്നതുമെല്ലാം വ്യക്തമായി കാണാം. ഞങ്ങളുമായി ചങ്ങാത്തത്തിലായിക്കഴിഞ്ഞ് ഒരു ദിവസം ചുരിദാറിട്ട ഒരു പെൺകുട്ടി ഇറങ്ങാനായി എഴുന്നേറ്റു. പൂച്ച പട്ടിയെക്കാണുമ്പോൾ കുന്തക്കാലിൽ രോമങ്ങളൊക്കെ വിടർത്തി നിൽക്കുന്നതുപോലെ മൊയ്ദീനിക്ക അലേർട്ടായി. രഹസ്യം പറയാനെന്നമട്ടിൽ ഞങ്ങളുടെ തല രണ്ടും അടുപ്പിച്ച് ഇക്കാ പറഞ്ഞു: "നോക്ക്യോണം, ഓളിപ്പോൾ ഒാളുടെ ചന്തിയിൽ ഒന്നോ രണ്ടോ തവണ തടവും " ശരിയായിരുന്നു. ഇക്കാ പറഞ്ഞപോലെതന്നെ സംഭവിച്ചു. അതാക്കുട്ടിയുടെ ഒരു ശീലമായിരിക്കുമെന്നും കാക്കയ്ക്കു പരിചയമുള്ള കുട്ടിയായിരിക്കും ഇറങ്ങിയതെന്നും കരുതി ഞങ്ങളത് വിട്ടു. എന്നാല്‍ തൊട്ടടുത്ത സ്റ്റോപ്പിലും അതിനടുത്ത സ്റ്റോപ്പിലും ഓരോ പെൺകുട്ടികൾ വീതം എഴുന്നേറ്റപ്പോള്‍ മൊയ്തീനിക്ക ഇതു തന്നെ പറയുകയും ആ കുട്ടികള്‍ എഴുന്നേറ്റയുടൻ ചന്തിയിൽ തടവുകയും ചെയ്തു. ഇത്തവണ ഞങ്ങള്‍ക്ക് ആകാംക്ഷയായി. സാരിയുടുത്ത ഒരു ചേച്ചി എഴുന്നേറ്റപ്പോൾ ഞങ്ങള്‍ ഒരേ സ്വരത്തില്‍ ചോദിച്ചു: " തടവുമോ.....? " " ഇല്ല, ഓള് തടവില്ല എന്നായിരുന്നു മറുപടി. " ഇക്കായ്ക്ക് ഇതെങ്ങനെ മുൻകൂട്ടി പറയാന്‍ കഴിയുന്നു" എന്നു ചോദിച്ചപ്പോള്‍ നെറ്റിയിലെ ചെറുനാരങ്ങാ വലുപ്പമുള്ള മുഴയിൽ തലോടിക്കണ്ട് പറഞ്ഞു. "അതൊക്കെ ഒരു കഥയാണള്ളാ....ഒരീസം പറയാം. " എന്നാല്‍ ആ ഒരീസം അന്തമില്ലാതെ പോയി. മൊയ്ദീനിക്ക അതങ്ങനെ സസ്പെൻസ് ആക്കി നിർത്തി. അങ്ങനെയിരിക്കെ ഞാനീ സംഭവങ്ങള്‍ നിഷയോടു പറയാനിടയായി. ബസ്കോയിൽ നിന്നു ലഭിച്ച മറ്റൊരു സൗഹൃദമായിരുന്നു കാനത്തിൽ നിന്നു കയറുന്ന നിഷ ജേക്കബ്. ( ആളിപ്പോൾ എവിടെയാണോ, നഴ്സിംഗ് പഠിക്കാന്‍ പോകും വരെ കോൺടാക്ട് ഉണ്ടായിരുന്നു.) ഈ കഥ കേട്ടയുടനെ നിഷ മൊയ്തീനിക്കയെ തിരിച്ചറിഞ്ഞു. അവള്‍ ചിരിച്ചു ചിരിച്ചു ചാകാൻ തുടങ്ങി. കഥ ഇപ്രകാരമാണ്: നിഷയും കൂട്ടുകാരി ജെസ്സിയും കാനത്തിൽ നിന്നു കയറും, ജെസ്സി പാമ്പാടിക്കിപ്പുറത്ത് ആലാമ്പള്ളി എന്ന സ്ഥലത്തും നിഷ കോട്ടയത്തും ഇറങ്ങും. ഒരു ദിവസം ആലാമ്പള്ളി അടുക്കാറായപ്പോൾ ജെസ്സി സീറ്റില്‍ നിന്നെഴുന്നേറ്റു. മൊയ്തീനിക്ക തൊട്ടുപിന്നിൽ നിൽക്കുന്നുണ്ട്. അദ്ദേഹം നോക്കിയപ്പോള്‍ കുട്ടിയുടെ ചുരിദാര്‍ ചന്തിക്കിടയ്ക്കുള്ള വെട്ടിനുള്ളിലേക്ക് കയറിപ്പോയിരിക്കുന്നു. നല്ല നിതംബവലുപ്പമുള്ള കുട്ടിയായിരുന്നു ജസ്സി. അവളിതറിയുന്നില്ലെങ്കിലും കണ്ടവർ കണ്ടവർ മൂക്കത്ത് വിരൽ വെച്ചു. ഗ്രഹണി പിടിച്ച കുട്ടികള്‍ ചക്കക്കൂട്ടാൻ കണ്ടപോലെ തലതെറിച്ചവൻമാർ അങ്ങോട്ടുനോക്കി ശവഭോഗം ചെയ്യാന്‍ തുടങ്ങി. മൊയ്തീനിക്കയ്ക്ക് ഇതുകണ്ട് ധാർമ്മികരോഷമുണ്ടായി. അദ്ദേഹം കുണ്ടിക്കുള്ളിലേക്ക് കയറിപ്പോയ ചുരിദാറിൽ പിടിച്ച് ഒറ്റ വലി വലിച്ചതും ജെസ്സി തിരിഞ്ഞുനോക്കിയതും ഒരുമിച്ചായിരുന്നു. ഒരു കിളവൻ തന്റെ നിതംബത്തിൽ കൈകൊണ്ട് തൊട്ടിരിക്കുന്നു. കലിപൂണ്ട ഉണ്ണിയാർച്ച കയ്യിലിരുന്ന കുടകൊണ്ട് കെളവൻ്റെ തലക്കിട്ട് ഒറ്റ അടി വെച്ചുകൊടുത്തു. ബസ്സിലാകെ കൂട്ടച്ചിരി. മൊയ്തീനിക്ക നാണം കെട്ടു എന്നു മാത്രമല്ല അദ്ദേഹത്തിന്റെ മുഖം കോപംകൊണ്ട് ചുവന്നു. ചുരിദാര്‍ നേരത്തേ എങ്ങനെയാണോ ഇരുന്നത് അങ്ങിനെതന്നെ തള്ളി കയറ്റി വെച്ചിട്ട് എല്ലാ പെണ്ണുങ്ങളോടുമായി അദ്ദേഹം പറഞ്ഞു: " ഇരുന്നപോലെ ആക്കീട്ടുണ്ട്, ഇനി അതും പറഞ്ഞ് വഴക്കിനു വരണ്ട. ഇനിമേലിൽ ഇരുന്നേച്ചണീക്കുമ്പം അവനോൻ്റെ മുണ്ടും കോണോം അവനോൻ വലിച്ചിട്ടോണം.... :D <3 " വീണ്ടും ബസ്സിൽ കൂട്ടച്ചിരി ഉയർന്നു. ഇത്തവണ ജെസ്സിയാണ് ചമ്മിയത്. **************************************** അന്നുമുതൽ ഞാനും ശ്രദ്ധിയ്ക്കാറുണ്ട്. സ്കെർട്ടോ ചുരിദാറോ ഇട്ട പെൺകുട്ടികൾ സീറ്റില്‍ നിന്ന് എഴുനേൽക്കുമ്പഴും വണ്ടിയില്‍ നിന്ന് ഇറങ്ങുമ്പോഴും ചന്തിയിൽ രണ്ടു തടവു തടവുന്നതു കാണാം. എങ്ങാനും കേറി ഇരിപ്പുണ്ടെങ്കിലോ.... :p ചുരിദാറികൾ ഇപ്പോഴും ഈ ആചാരം തുടരുന്നു. ജീൻസുകാരും ട്രൗസറുകാരും ഇതൊന്നും മൈൻഡ് ചെയ്യാറേ ഇല്ല. 24x7 അകത്തല്ലേ കിടക്കുന്നത്. :) ############################# ( PS: ബുദ്ധിജീവികൾക്ക് വേണമെങ്കില്‍ ഈ വിഷയത്തെ ആസ്പദമാക്കി ഒരു ശിൽപശാലയോ മറ്റോ സംഘടിപ്പിയ്ക്കാവുന്നതാണ്. ) Illustration: Vinod CP thanks vinu.

ഹിന്ദുമതം എന്നാല്‍ .....


Why I am a hindu : Facebook post by Unni Anagamin _________________________________________________ ഹിന്ദുവെന്നാല്‍, ഒരാളെ സംബന്ധിച്ചിടത്തോളം യാദൃശ്ചികമായി അയാൾ ജനിച്ച മതം മാത്രമാണെന്നു തോന്നുന്നില്ല. പലവിധപരിണാമങ്ങളിൽക്കൂടി അതിൽ എത്തിപ്പെട്ടതാകണം. കാര‍ണം അതയാൾക്ക് നൽകുന്ന ജീവിതസൗഭാഗ്യം അത്രയ്ക്കു അതിരില്ലാത്തതാണ്. മതമേലദ്ധ്യക്ഷന്മാർ ഇല്ലാത്തതാണു ഏറ്റവും വലിയ കാര്യം. അതു കൊണ്ട് ഹിന്ദുവിന്റെ മതജീവിതം ആരേയും ബോധ്യപ്പെടുത്തേണ്ട. മാത്രമല്ല ഓരോത്തർക്കും സ്വന്തം ഇച്ഛയ്ക്കനുസരിച്ച് ഈശ്വരനെ സങ്കല്പിക്കാം. അതു നൽകുന്ന സ്വാതന്ത്ര്യം വളരെ വലുതാണു. ആകാശത്തേയോ, ആലിനേയോ, പക്ഷിയേയോ, വെള്ളത്തേയോ, മൃഗത്തേയോ, മനുഷ്യനേയോ അല്ലെങ്കിൽ അതു രണ്ടും കൂടിച്ചേർന്ന രൂപത്തേയോ അതുമല്ലെങ്കിൽ ശൂന്യതയേത്തന്നെയോ ആരാധിക്കാം. ഈശ്വരാ എന്നോ നിരീശ്വരാ എന്നോ വിളിക്കാം. മതഗ്രന്ഥങ്ങളായി പലതുണ്ടെങ്കിലും അതിലെല്ലാം ഒരേകാ‍ര്യം തന്നെയാണുള്ളത്. പലപല വീക്ഷണങ്ങളിലൂടെ പറയുന്നുഎന്ന വ്യത്യാസമേയുള്ളു. അതുകൊണ്ട് ആർക്കും ആരോടും മത്സരിക്കേണ്ടി വരുന്നില്ല. ഗ്രന്ഥങ്ങൾ പഠിക്കുന്നതു അനുഭൂതിക്കു വേണ്ടിയാണു. പഠനം കഴിയുമ്പോൾ ഗ്രന്ഥങ്ങളെല്ലാം ഉപേക്ഷിക്കണം. ഗ്രന്ഥങ്ങൾ കെട്ടിപ്പിടിച്ചിരുന്നാൽ പണ്ഡിതനാകാം. അനുഭൂതി ഉണ്ടാവില്ല. പുസ്തകം തരുന്ന അനുഭൂതിയുടെ അറിവ് താൻ തന്നെ ശ്രമിച്ചു നേടിയെടുക്കണം. അതിനു ഇടനിലക്കാരില്ല. ഏകാന്തവിജനതയിൽ പോയിരുന്നു തപസു ചെയ്താ‍ലേ അതു കിട്ടു. ഒരു ജന്മം കൊണ്ട് കിട്ടിയില്ലെങ്കിൽ ദു:ഖിക്കാനൊന്നുമില്ല. വീണ്ടും ജന്മങ്ങളുണ്ട്. ഇപ്പോൾ കിട്ടിയതൊന്നും അന്നു നഷ്ടപ്പെടുകയുമില്ല. സംഘം ചേർന്നുള്ള ഒരു പ്രവർത്തനവും അനുഭൂതി തരാൻ പര്യാപ്തമല്ല. ഹിന്ദുമതം അതു വ്യക്തമായി പറയുന്നുണ്ട്. നശ്വരമായ ഭൌതികനേട്ടങ്ങൾക്ക് സംഘടിത പ്രവർത്തനങ്ങൾ ഒരു പരിധിവരെ സഹായിച്ചേക്കും. അതുപോലും നിഷ്കാമ കർമ്മത്തിനു താഴെയുള്ള ഫലമേ തരു. ഓരോത്തരും അവരവരുടെ വാസനയ്ക്കനുസരിച്ച് നിഷ്കാമമായി പ്രവർത്തിച്ചാൽ കിട്ടുന്ന ജീവിതസൌഭാഗ്യം സംഘടനയിലൂടെ നേടിയെടുക്കാനാവില്ല. സംഘടനയിൽ പലരുടെ അഭിപ്രായങ്ങൾ കേൾക്കണം. എന്നിട്ട് പൊതുവാ‍യ ഒന്നു സ്വീകരിക്കണം. അതു മിക്കവാറും നേതൃത്വത്തിന്റെ താല്പര്യമായിരിക്കും. വ്യക്തിതാല്പര്യത്തിനു വിരുദ്ധവും. സംഘടന വ്യക്തിക്ക് ഒരു പ്രാധാന്യവും കൊടുക്കുന്നില്ല. സംഘടന എന്ന വികാരത്തിനു വേണ്ടി നുകം പേറുന്നവൻ മാത്രമാണു വ്യക്തി. സംഘടനയിലൂടെ വ്യക്തിവികാസമോ നേട്ടമോ ഉണ്ടാകുന്നില്ല. സ്വർഗ്ഗത്തെ ഹിന്ദുമതം സ്തുതിക്കുന്നില്ല്ല. സ്വർഗ്ഗം ഒരു തരംതാണ ലോകമാണു. താൽക്കാലികവുമാ‍ണു. പുണ്യം തീ‍രുമ്പോൾ സ്വർഗ്ഗത്തിലുള്ളവർ ഭൂമിയിലേക്കു വീഴും. അവിടെ അപ്സരസ്സുകളും, ദേവസംഗീതവും, അമൃതും ഉണ്ടെങ്കിൽക്കൂടി. ഹിന്ദുമതം അഭികാമ്യമായി കാണുന്നത് മുക്തിയാണു. മുക്തന്റെ അവസ്ഥ ശാശ്വതമാണു. മുക്തനായാൽ പിന്നെ പതനമില്ല. പ്രളായാഗ്നിപോലും അവനെ സ്പർശിക്കില്ല. പ്രളയകാലത്തിലെ ശിവന്റെ മൂന്നാം കണ്ണ് നീരാജനമായേ മുക്തനു അനുഭവപ്പെടു. അതുകൊണ്ടൂ മുക്തിക്കുവേണ്ടിയാണു ഒരു ഹിന്ദു പരിശ്രമിക്കേണ്ടത്. ഒന്നിനോടും ചേരാതെയും ഒന്നിനേയും നിഷേധിക്കാതെയുമുള്ള ഒരവസ്ഥയാണത്. അതിൽ കാലം നിശ്ചലമാണു. ജരാനരകളില്ല. മനസിൽ ആനന്ദം മാത്രം. പ്രപഞ്ചസാക്ഷിയായി വെറും കാഴ്ചകാണുന്നവൻ മാത്രമാകും അപ്പോഴവൻ. മുക്തിയിലേക്കുള്ള അവന്റെ യാത്രയാണു ഈ ഭൌതികജീവിതം. അതിലുള്ള സുഖഭോഗങ്ങൾ ആകർഷകമായിരിക്കുന്നിടത്തോളം കാലം ഭൌതികമായിത്തന്നെ നേടി ആസ്വദിക്കണം. അതിനു മനുഷ്യപ്രയത്നം തന്നെ ധാരാളം. മാധവനെ പ്രാപിക്കുന്നവൻ ഭൌതികലോകം ഉപേക്ഷിക്കണം. അല്ലാതെ മാധവന്റെ പേരിൽ ഭൌതികമായതെല്ലാം സമ്പാ‍ദിക്കുകയും ആ‍സ്വദിക്കുകയും ചെയ്യരുത്. ചെയ്താൽ ഒരുപാടുദൂരം പിന്നിലേക്കു പോവുകയായിരിക്കും ഫലം. അഹിംസയാണു പരമമായ ധർമ്മം. അതിൽ അധിഷ്ഠിതമായ പ്രവർത്തികളെ മുക്തി തരൂ. അല്ലാത്ത പ്രവർത്തികളുടെ ഫലം എന്തായിരിക്കുമെന്നു അനേകകോടി ആഖ്യാനങ്ങളിലൂടെ വ്യക്തമാക്കിത്തരുന്നുണ്ട്. മഹാഭാരതമാണു അതിൽ ഏറ്റവും പ്രസിദ്ധം. കൊന്നും കൊലവിളിച്ചും നേടുന്നതു ദു:ഖമാണെന്നതു കാട്ടിത്തരുന്നു. കുരുക്ഷേത്രത്തിൽ വിജയിച്ച പാണ്ഡവർക്ക് അവശേഷിച്ചത് ദു:ഖമല്ലാതെ മറ്റൊന്നുമായിരുന്നില്ല. ബന്ധുക്കളും മിത്രങ്ങളും യുദ്ധത്തിൽ മരിച്ചു. ആനയായും കുതിരയായും നാശനഷ്ടങ്ങൾ വേറെ. സ്വദേശത്തു നിന്നും വിദേശത്തു നിന്നും വന്ന യോദ്ധാക്കളും മടങ്ങിയില്ല. ഒടുവിൽ ശത്രുക്കളായിക്കരുതിയവരുടെ അന്ത്യകർമ്മം പോലും പാണ്ഡവർക്ക് ചെയ്യേണ്ടി വന്നു. അതുകൊണ്ട് ആനന്ദമാഗ്രഹിക്കുന്നവൻ ഹിംസ ചെയ്യരുത്. ആനന്ദമല്ലാതെ മനുഷ്യൻ വേറെന്താണു ആഗ്രഹിക്കുന്നത്? Ashok Kartha പലവട്ടം ഇതെഴുതിയതാണ്. പലവട്ടം എഴുതേണ്ടതുമാണ്.